2016 ജൂൺ 20, തിങ്കളാഴ്‌ച

നല്ല സമരിയാക്കാരന്റെ ഉപമ


                                                              (ലൂക്കാ 10:25-37)


                      ഒരു നിയമജ്ഞൻ എഴുന്നേറ്റു നിന്ന് യേശുവിനെ പരീക്ഷിക്കുവാൻ ചോദിച്ചു; "ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?" യേശു ചോദിച്ചു: "നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു ? നീ എന്തു  വായിക്കുന്നു ?" അവൻ ഉത്തരം പറഞ്ഞു; "നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും."  യേശു പ്രതിവചിച്ചു: "നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവർത്തിക്കുക; നീ ജീവിക്കും." 
എന്നാൽ അവൻ തന്നെത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ച് യേശുവിനോട് ചോദിച്ചു; "ആരാണ് എന്റെ അയൽക്കാരൻ?" 
                  യേശു പറഞ്ഞു: "ഒരുവൻ ജറുസലേമിൽ നിന്ന് ജെറീക്കോയിലേക്ക് പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് അവനെ പ്രഹരിച്ച് അർദ്ധപ്രാണനാക്കിയിട്ട് പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ, ഒരു സമരിയാക്കാരൻ യാത്രാമദ്ധ്യേ അവൻ കിടന്ന സ്ഥലത്തുവന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്‌, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വെച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് പരിചരിച്ചു. അടുത്ത ദിവസം അവൻ സത്രം സൂക്ഷിപ്പുകാരന്റെ കൈയിൽ  രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു; 'ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചു വരുമ്പോൾ തന്നുകൊള്ളാം..' കവർച്ചക്കാരുടെ കൈയിൽപ്പെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത് ?"
ആ നിയമജ്ഞൻ പറഞ്ഞു; "അവനോടു കരുണ കാണിച്ചവൻ."
യേശു പറഞ്ഞു: "നീയും പോയി അതുപോലെ ചെയ്യുക."

2016 ജൂൺ 14, ചൊവ്വാഴ്ച

കടുകുമണിയുടെ ഉപമ

  (മർക്കോസ് 4:30-33)


                                                                              യേശുവീണ്ടും പറഞ്ഞു: "ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമ കൊണ്ട് അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോൾ അത് ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്. എന്നാൽ, പാകിക്കഴിയുമ്പോൾ അതു വളർന്ന്  എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു.

2016 ജൂൺ 13, തിങ്കളാഴ്‌ച

അന്യരെ വിധിക്കരുത്


(മത്തായി 7:1-6)


                                                          വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകോൽ കൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട് ? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽ നിന്നു കരടെടുത്തു കളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ,  ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്ക് കാഴ്ച തെളിയും. വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.

2016 ജൂൺ 11, ശനിയാഴ്‌ച

വിധവയുടെ കാണിക്ക

                          
                                     (മർക്കോസ് 12:41-44)

   യേശു ദേവാലയ ഭൺഡാരത്തിന് എതിർവശത്തിരുന്ന് ജനക്കൂട്ടം ഭൺഡാരത്തിൽ നാണയത്തുട്ടുകൾ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകൾ നിക്ഷേപിച്ചു. അപ്പോൾ ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പു നാണയങ്ങൾ ഇട്ടു. അവൻ ശിഷ്യന്മാരെ അടുത്തുവിളിച്ചു പറഞ്ഞു: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാൾ കൂടുതൽ ഭൺഡാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ,അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു.

2016 ജൂൺ 7, ചൊവ്വാഴ്ച

ഫലത്തിൽ നിന്നു വൃക്ഷത്തെ അറിയുക

         (ലൂക്കാ 6: 43-45)


"നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽ  നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽ നിന്ന് മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു; ചീത്ത മനുഷ്യൻ തിന്മയിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്."